Christmas Bell Widget

Tuesday, March 26, 2013

നമ്മുടെ പാവാടകൾ





മഞ്ഞ് പെയ്താൽ
പുതക്കാം

മഴവരുമ്പോഴും
വെയിലുവരുമ്പോഴും ചൂടാം

കാറ്റ് വരുമ്പോൾ ഒളിച്ചിരിക്കാം

നീയുരിഞ്ഞിട്ടുപോയ
പ്രണയത്തിൻ ചുവന്ന പാവാടകൾ
നനച്ചിടാൻ സമയമില്ലല്ലോ..

II

അയലത്ത് കിടക്കുമ്പോൾ
ആങ്കറിൽ കിടക്കുമ്പോൾ
നമ്മുടെ വസ്ത്രങ്ങൾ
നമ്മെളെക്കാളേറെ
പ്രണയബദ്ധരാകുന്നു…

അവ പരസ്പരം കെട്ടിപിടിച്ച്
വിയർത്തുപ്പോയ ഓർമകളെ
അയവിറക്കുന്നു.

കാറ്റത്ത് ആടുമ്പോഴും
മഴയത്ത് നനയുമ്പോഴും
താളമുണ്ട് , ലജ്ജയുണ്ട്..

മുട്ടിയുരുമ്മി
മാറ്റുനോക്കും
ഓരോ പുതുമോടിയും

ശ്രദ്ധിച്ചിട്ടില്ലെ
ഊരുമ്പോൾ തടഞ്ഞുനിൽക്കുന്ന
നമ്മുടെ അടിവസ്ത്രങ്ങൾ പോലും
ഒരുമിച്ച് ഇറങ്ങിപ്പോകുന്നത്
ഒരു രാത്രി മുഴുവൻ .
കെട്ടിപ്പിടിച്ചുറങ്ങുന്നത്.

III

വലിച്ചെറിയാൻ
ഒരുപാട് വസ്ത്രങ്ങളുണ്ട്

മതത്തിന്റെ
ജാതിയുടെ
നിറത്തിന്റെ

അവസാന വസത്രവും ഊരിയെറിഞ്ഞ്
ഞാൻ നഗ്നനാകുന്നതെപ്പോഴാണ്…

Sunday, March 3, 2013

randu kavithakal


ചുണ്ടുകൾ കൊണ്ട്‌
ഓഫ്‌ ഡ്രൈവ്‌ ചെയ്ത്‌
മരുഭൂമിയിലൂടെ
ചെങ്കുത്തായും ചെരിഞ്ഞും
ഇതാ ഇപ്പോൽ മറിയുമെന്ന് തോന്നിക്കുമാറ്‌
ഒരു കറുത്ത ഹമ്മർ കയറിപ്പോകുന്നു.

സാന്റിയാഗൊ എന്ന ആട്ടിടയൻ
മണൽ കാറ്റിനിടയിലൂടെ
ഈ കാഴ്ച കാണുന്നു....

പെണ്ണിന്റെ ചുണ്ട്‌
പനിനീർപ്പൂ പോലെ
ചുകന്നതോ മൃദുലമോ അല്ല
അത്‌ ഹമ്മറിന്റെ ടയറുകൾ പോലെ
കറുത്തതും കരുത്തുറ്റതുമാണെന്ന്
സാന്റിയാഗോ പിറുപിറുക്കുന്നു

ഈജിപ്തിലേക്കുള്ള
വഴി
വഴിയെന്ന്
ഹമ്മർ പോയവഴിയെ വെച്ചുപിടിക്കുന്നു....

ഷാവെഴ്സിന്റെ അഭാവത്തിൽ
അമേരിക്കൻ പട്ടാളം
വെന്വെസുലയിലേക്ക്‌
ഹമ്മറിടിച്ചു കയറ്റുമോയെന്ന്
സിരയിൽ വിപ്ലവം
ശങ്കിച്ച നിമിഷം
ഞാൻ ഹമ്മറിൽ നിന്നും
ഓഫ്‌ റോടിൽ നിന്നും
തെറിച്ചു പോകുന്നു..

പിറ്റേന്ന് രാവിലെ
ഹമ്മറുകളോടിച്ചുപ്പോയ
ഒരു ഒഴിവു ദിനത്തെ
കുറിച്ചോർത്ത്‌
ഞാനും നീയും പൊട്ടിച്ചിരിക്കുന്നു.

II

ഇണക്കമെന്ന ആഢംബര നൗകയിൽ
ആർമ്മാദിച്ച്‌ ഉല്ലസിക്കവെ
ആകാശം കറുക്കുന്നു

ഇണക്കമെന്ന
ഒരിക്കലും മുങ്ങില്ലെന്ന്
അഹങ്കരിച്ച കപ്പൽ
പിണക്കമെന്ന കടലിൽ
നിശബ്ദം താഴ്‌ന്നുപോകുന്നു

നാം വേർപ്പെട്ട്‌
ഞാനെന്ന കരയിലേക്ക്‌
നീന്തവേ

കൈ കുഴഞ്ഞ്‌
കാൽ തളർന്ന്
നീന്തിതോൽക്കുന്നു

മരണത്തിനു മുൻപ്‌
തകർന്നുപ്പോയ
മോഹങ്ങളുടെ മരപ്പലകയിലൊന്ന്
നമ്മുക്ക്‌ കിട്ടുന്നു

നാം എത്രയോ ശ്രദ്ധിച്ച്‌
ഒന്നായ്‌ തുഴയുന്നു

ഒരു ചുംമ്പനം
കരയുടെയും
കടലിന്റെയും
നൗകയുടെയും
ഓർമ്മകൾ മായ്ച്ച്‌ കളയുന്നു....