Christmas Bell Widget

Sunday, September 9, 2012

status thoughts



ഏകാന്തതയുടെ തുരുത്തിലേക്ക്
പാതയൊരുക്കിയ
മൊബൈൽ ഹൈവേകളേ..

അസംഖ്യം
മുത്തുചിപ്പികൾ പെറുക്കിയെടുത്ത
വെബ്കാം ചാനലുകളെ

അവളെ താരാട്ടുപാടിയുറക്കിയ
എസ് എം എസ് പരവതാനികളെ

നിങ്ങളാണോ
ആർക്കും പിടികിട്ടാ‍തെ
എല്ലാവരാലും വായിക്കപ്പെട്ട
ഉത്തരാധുനിക നഗ്ന കവിതകൾ ..?

II

എത്ര ആകാശ പാതകളാണ്
എത്രയെത്ര കടൽ ചാലുകളാണ്
എത്രയെത്രയെത്ര കരവഴികളാണ്
എന്നിട്ടും ഞാനെത്രമാത്രം
വൈകിയാണ് നിന്നിലേക്കെത്തുന്നത്.

III

ആണ്ടിലൊരിക്കൽ
നാടുകാണാൻ വരുന്നവൻ
മലയാള മണ്ണിന്റെ
ഉത്തരാധുനിക
വഴിമുറിക്കവിത വായിക്കുന്നു.

IV

നിറയെ
ആകാശ കതിനകളുമായി
ഏതുനിമിഷവും
ആർത്തലച്ചെത്താവുന്ന
പേമാരിയാണ് ഞാൻ

ഇതളുകൾ നനഞ്ഞൊട്ടി
മണ്ണിനെ ചുംബിച്ചിഴയാൻ
ഹ്യദയവാടിയിൽ
വസന്തകാലത്തിന്റെ ജാലകം തുറന്ന്
പൂത്തുനിൽക്കുകയാകും നീ...

Friday, September 7, 2012

കടലെന്നോ കവിതയെന്നോ പേര്



വാക്കുകൾ കൊണ്ട്
തിരതീർത്ത്
നുരവാർന്ന്
പ്രക്ഷുബ്ദമായൊരുൾകടൽ

കരയിൽ നിന്നും
എന്നേ പിണങ്ങിപ്പോയൊരു
കവിതക്ക്
വലയെറിഞ്ഞെറിഞ്ഞ്
തലനരച്ചോരെത്ര മുക്കുവർ

കരയിലേക്ക്
ആഞ്ഞടിക്കുമ്പോഴേക്കും
ഒരു കവിത
എത്ര കണ്ണുനീർത്തുള്ളികളായാണ്
ചിതറിപ്പോകുന്നത്

ആർക്കും പിടികൊടുക്കാതെ
ഹ്യദയത്തിലൂടൊലിച്ചിറങ്ങി
ചിതറൽ കവിത
എത്രവേഗമാണ്
കടലായും മാറുന്നത്

കടലാഴങ്ങളിൽ നിന്നും
ഒരു മുറിവുമേൽ‌പ്പിക്കാതെ
ഒരു കൊമ്പൻ കവിത
ആരായിരിക്കുമാദ്യം
തൊറയിലേക്കടുപ്പിക്കുന്നത്..?