Christmas Bell Widget

Wednesday, April 25, 2012

അലിഫ്



അറബിവീട്ടിലെ
ദാർശനികനും കമ്യൂണിസ്റ്റുമായ
മലയാളി ഡ്രൈവറും
കുടിയിറക്കപ്പെട്ട ശ്രീലങ്കൻ ഗദ്ദാമയും
പ്രണയിക്കുമ്പോഴാണ്

രാജ്യാന്തര ബന്ധങ്ങളുടെ
മാവ് പൂക്കുന്നത്

നയതന്ത്ര ബന്ധങ്ങളുടെ
പ്ലാവില വീണ്ടും കഞ്ഞിക്കായ്
വളക്കപ്പെടുന്നത്..

ഇന്ത്യയോ അമേരിക്കയോ
ഉപരോധം പ്രഖ്യാപിച്ചാലും


സിംഹളയുടെയോ
എൽ ടി ടിയുടെയോ
യഥാർത്ഥ ആവശ്യങ്ങൾ
നേരിട്ടു കേൾക്കുന്നത്

കൊല്ലപ്പെട്ടവരുടെ തലയോട്ടിപിളർന്ന്
പൂക്കളിൽ നിന്ന്
കള്ളനാണയങ്ങൾപുറത്തു വരുന്നത്

അങ്ങനെ കറുത്തവർക്ക് വേണ്ടി
അവൻ ശബ്ദമുയർത്തുമ്പോഴായിരിക്കും
ഒരു വെളുത്ത പെണ്ണിന്റെ കരച്ചിൽ
അകത്തളങ്ങളിൽ ഒതുങ്ങികൂടുന്നത്...!!



കല്ലിവല്ലി അഥവാ ഇങ്കിലാബ് സിന്ദാബാദ്...

-----------------------------------------------------
അറബ് നാടിന്
ഇടത്തോട്ടൊരു ചായ്‌വുണ്ട്

അവർ കന്തൂറ*ക്കകത്തെങ്കിലും
ഇടത്തോട്ട് മുണ്ടെടുക്കും

വിപ്ലവത്തിന്റെ മാർഗ്ഗം
പുറത്തുപറയാതെ
ഇടത്തോട്ട് കാറോടിച്ചു പോകും..

ചെറിയ ചെറിയ
കലാപങ്ങൾ ഉണ്ടാകുമ്പോൾ
സധൈര്യം മുഴക്കും മുദ്രാവാക്യം..

കല്ലിവല്ലി...........** .........അഥവാ
ഇങ്കിലാബ് സിന്ദാബാദ്....

---------------------------
*കന്തൂറ:- പുരുഷന്മാർ ധരിക്കുന്ന പർദ്ധപോലുള്ള അറബ് വസ്ത്രം

** കല്ലിവല്ലി.. ഒരു അറബ് പദം / ശൈലി തേങ്ങട മൂടെന്നൊക്കെ അർത്ഥം വെക്കാം..ഐ ഡോണ്ട് കെയർ..(: ഇംഗ്ലീഷിൽ )



അലിഫ്
-----------
അറബികളുടെ മനസ്സ്
അലിഫ് പോലെയാണ്

അതവരുടെ വസ്ത്രം പോലെ
വടിവൊത്ത് നിൽക്കും

അറബി പെണ്ണിന്റെ ജീവിതം പോലെ
എത്രകാലം വേണമെങ്കിലും
ഒറ്റക്കും നിൽക്കും..

ചിലപ്പോഴൊക്കെ അവരുടെ
ഡ്രൈവറായ അമീറിനെ* പോലും
അൽഫിലൊതുക്കും. ....**

-----------------------------
അലിഫ് :- അറബിയിലെ ആദ്യത്തെ പദം (ا)
അമീർ :- ഒരു പേര് , രാജാവെന്ന് അർത്ഥം
അൽഫ് :- ആയിരം (ദിർഹം)



ഷംസുവും ഖമറും കാണാതെ പോകുന്നത്..
------------------------------------
ഒരേജോലിയുടെ
രണ്ടു വ്യത്യസ്ത ചാക്രിക താളങ്ങളിൽ
എല്ലു മുറിയെ പണിയെടുക്കുന്നത് കൊണ്ടാകണം


ഷംസും ഖമറും
ഒരേ നാട്ടുകാരായിട്ടും
ഒരേ റൂമിൽ താമസിച്ചിട്ടും
പരസ്പരം കാണാതെ പോയത്..!

ഷംസ് :- സൂര്യൻ / ഒരു പേര്
ഖമർ :- ചന്ദ്രൻ / ഒരു പേര്


മാഫി..
----------------
അസ്സലാമു അലെക്കും
വലൈക്കുമുസ്സലാം
ഗൾഫിൽ പോകാൻ ഇത്രേം മതി...

എന്നിട്ടും അർബാബ്,
കാറിൽ കയറാത്തതിന്
മുഖ് മാഫിയെന്ന് ചോദിച്ചപ്പോൾ
തലയാട്ടി സമ്മതിച്ചത്

പൊന്നുപോലെ നോക്കിയ
പോത്തിനിറച്ചി
മുഴുവനും ചോദിക്കോന്ന് പേടിച്ചാണ്...


-----------------------------------
അർബാബ് :- സ്പോൺസർ, മൊയലാളി...
മുഖ് മാഫി :- ബുദ്ധി ഇല്ലാത്തവൻ../ വിഢി..





ഈന്തപ്പനകൾ
----------------
നല്ലവരായറബികൾ
പൂത്തുലഞ്ഞ ഈന്തപ്പനപോലെ
മധുരം തന്നുകൊണ്ടേയിരിക്കും...

അങ്ങനെയിരിക്കെ
ഒരുരാത്രിയിലായിരിക്കും
മത്തുപിടിച്ചൊരു ജബാറ്

ഈന്തക്കുലകൾ മുഴുവനരിഞ്ഞ്
നെടുമ്പാശ്ശേരിയിലേക്ക് പറക്കുന്നത്

ഇത്തരം പനകൾ
പിന്നീട് പൂക്കാതെ
തണലുതേടി വരുന്നവരെ
കല്ലെടുത്തെറിയുന്നതു കാണാം..

Tuesday, April 10, 2012

STD V B


സുകുമാരൻ മാഷും
ഷീജടീച്ചറും തമ്മിൽ
ഡേഷാണെന്ന് പറഞ്ഞത്
പവദാസാണ്...!

എന്താണു ഡേഷെന്നു
ചോദിച്ചപ്പോളവൻ വരച്ച ചിത്രം
ഞാനാദ്യമായ് കണ്ട ഡേഷ് ചിത്രമാണ്..!!

പിന്നീട് ഇടക്കിടെ
മറിച്ചു നോക്കുന്നതിനിടയിൽ
ഷീജടീച്ചർ തന്നെയാണ്
ഞങ്ങളെ കൈയ്യോടെ പിടിച്ചത്..!!

അന്ന് എല്ലാവരോടും കളിക്കാൻ
പോകാൻ പറഞ്ഞ് ഒറ്റക്കിരുന്നത്
ഞങ്ങൾ നെല്ലിയുടെ മറവിൽ
കളിക്കാതെ കണ്ടു..!

പിറ്റേന്ന് ആദ്യ ക്ലാസിൽ
പവദാസിനെ എഴുനേറ്റുനിർത്തി
പൂവിനെ വരക്കാൻ പറഞ്ഞത്..!!
അതുകണ്ട് ടീച്ചർ സന്തോഷിച്ചത്....!

ഒരു കോളേജ് പഠനകാലത്ത്
പവദാ‍സിന്റെ വീട്ടിൽ പോയപ്പോൾ കണ്ടു.

പുരസ്കാരങ്ങൾക്കിടയിൽ
ഷീജടീച്ചറുടെ എണ്ണച്ഛായം
പൂമാല ചാർത്തി അങ്ങനെ....



പാലൈസ്
---------------
കോങ്കണ്ണൻ ഐസുകാരന്
കുഷ്ഠമുണ്ടെന്ന് പറഞ്ഞത്
ഐസുകാരൻ കാദർ..!!

അമ്പതു പൈസയുടെ പാലൈസ്
ഇരുപത്തഞ്ച് പൈസക്ക്
തരാമെന്ന് പറഞ്ഞിട്ടും
വാങ്ങാതെ പോയതും അതുകൊണ്ടു തന്നെ..!!

പിന്നീട് കോങ്കണ്ണൻ
സ്കൂളിലേക്ക് വരാതായപ്പോൾ
ഓഫീസ് റൂമിലേക്ക്
ചായ കൊണ്ടുപോയ ദിവസം
സുകുമാരൻ മാഷ് പറയുന്നത് കേട്ടു..

“പാലൈസിൽ വിഷം ചേർത്താണത്രേ
കോങ്കണ്ണനും ഭാര്യയും മൂന്നുകുട്ടികളും മരിച്ചത്”..!!

എങ്ങനെയായിരിക്കും
കോങ്കണ്ണന്റെ കുട്ടികൾ
പാലൈസ് തിന്നിട്ടുണ്ടായിരിക്കുക..!!?

XB
----------------------
വർഷമോരോന്നു കടന്നു പോകുമ്പോഴും
പത്ത് ബിയിലെ അവസാന ബെഞ്ച്
ആദ്യ പെൺബെഞ്ചിനെ പ്രേമിക്കും..!!

പ്രണയത്തിന് പിറകിലേക്ക്
കണ്ണുകാണാത്തതുകൊണ്ട്

അമ്മിണിടീച്ചറുടെ
ഒളിഞ്ഞുവരുന്ന ഡെക്സറ്ററുകൾ
എത്രമായ്ക്കാൻ ശ്രമിച്ചിട്ടും
മായാതെ തിരിച്ചുപോകുന്നുണ്ടാകും..!!

സ്വപ്നങ്ങൾ..
-------------
ആരാകണമെന്നചോദ്യത്തിന്
പേർഷ്യക്കാരനാകണമെന്ന് പറഞ്ഞത്
കുഞ്ഞാമിനാടെ അത്തർ മണവും
പുതിയ പേനയും കട്ടറും മോഹിച്ചാണ്..

“പേർഷ്യയിൽ പോകുന്ന കുട്ടികളെ
എനിക്കിഷ്ടമല്ലെന്ന് ”സൂറടീച്ചർ
ബോർഡിൽ എഴുതിയപ്പോൾ
ടീച്ചറോഡ് ദേഷ്യം തോന്നിയിരുന്നു..!!

ഇന്നാ ആമിനാടെ കത്ത്
“എന്റെ ഗതി മക്കൾക്ക് വരുത്തല്ലെ റബ്ബെ..”..!!


പൊട്ടിയ വളകൾ..
-------------------------
പൂരത്തിന്
ആ നീല കടകവള കട്ടെടുത്തത്
നിന്റെയുമെന്റെയും
ഒഴിഞ്ഞകൈകളായതു കൊണ്ടാണ്..!!

നാടുവിട്ട നിന്റെ മാമൻ
പൂരത്തിന് തിരികെ വന്നപ്പോൾ
നിറച്ച നിന്റെയിരുകൈകൾ കണ്ട്
കീശയിലിരുന്ന് പൊട്ടിയത്
ഒരു “കള്ളന്റെ കട്ടെടുത്ത ഹ്യദയമാണ്”


സൌഹ്യദം..!!
--------------
നാട്ടിൽ പോകുമ്പോൾ
നമ്മുടെ സ്കൂൾ കാണാറുണ്ട്..!!

ഓലമേഞ്ഞ പഴയസ്കൂൾ
പുതിയൊരു കോൺക്രീറ്റ്
സ്കൂളിനെ പ്രസവിച്ചിരിക്കുന്നു..!!

രണ്ടാം നിലയിലെ
ഉയർന്ന ക്ലാസിൽ
വാതിലിനിരുവശമായി
ഇപ്പോഴും നിൽക്കുന്നുണ്ട്
ഞാനും..നീയും.....!!