Christmas Bell Widget

Tuesday, January 31, 2012

മറന്നു വെച്ച കത്തുകൾ..

പ്രിയേ,

മണൽക്കാട് തണുത്തിരിക്കുന്നു
മരുപച്ചകളെ തഴുകി
ഈന്തപ്പനയോലകളിൽ സംഗീതമിട്ട്,
മരുഭൂമി തണുപ്പിക്കുന്ന തെന്നലിനെ
പേടിച്ച് ആളുകൾ പുതപ്പുകളിലേക്ക്
പുതഞ്ഞു കൊണ്ടിരിക്കുന്നു....

വിരഹത്തിന്റെ നെരിപ്പോടിൽ
നീറിപുകയുന്നെൻ മനം കുളിർപ്പിക്കാൻ
വ്യഥാ ശ്രമം നടത്തുന്ന
അറബിക്കാറ്റിനോട്
എനിക്ക് സഹതാപമാണ്...!!

നീയിപ്പോൾ കുംഭത്തിന്റെ ചൂടിലാണല്ലോ ?
ചുറ്റും ചൂടു പിടിച്ച സൂര്യന്മാർ
നിനക്കു ചുറ്റും തിരിയുന്നു.

മീൻ മുറിക്കുമ്പോൾ
നിന്റെ കണങ്കാൽ കണ്ട്
ചൂടു പിടിച്ച കുറിഞ്ഞിയെ മുതൽ
അകത്തും പുറത്തും
കുംഭവെയിൽ കണങ്ങളെ
തോൽ‌പ്പിക്കുന്ന നിന്റെ
മകരമാസ മാനസത്തോട്
എനിക്ക് അസൂയ തോന്നുന്നു..!!

ആറുമാസം കഴിഞ്ഞാൽ
മരുഭൂമിയിൽ ചൂടുകാലമാണ്

മരുപച്ചകൾ വറ്റി
മരുഭൂമി ചുട്ടു പഴുക്കും
ഉരുകിയൊലിക്കുന്ന ഊഷരഭൂമിയിൽ
നിന്നെപോലെ പിടിച്ചു-
നിൽക്കാൻ എനിക്കാവില്ല.

ഈന്തപഴങ്ങൾ പാകമാകുന്ന നാളിൽ
മഴക്കാലത്തിന്റെ സാന്ദ്രമായ സംഗീതത്തിൽ
നിന്റെ ഹ്യദയത്തിൽ
എന്റെ ഹ്യദയം ചേർത്തുവെക്കാൻ
മരുഭൂമിയിൽ നിന്നും മണ്ണിലേക്ക് ഞാൻ വരാം...

Monday, January 16, 2012

മതിലുകൾ..

മകൾ ജനിച്ചപ്പോൾ
മനസ്സു ഗണിച്ചത്
മതിൽ പണിയണമെന്ന്

ഒന്നരവയസ്സുകാരിയുടെ
പൂമേനിക്ക്
ബന്ധുക്കളുടെ താരാട്ടിൽ
ഭാര്യയുടെ കള്ളകണ്ണുകൊണ്ട്
ആ‍ദ്യമതിൽ..

തേനും വയമ്പും കൂട്ടി
ഹരിശ്രീ കുറിച്ചപ്പോൾ
സ്കൂളിന്റെ ചെറുമതിലിനുള്ളി-
ലൊരുമതിൽ ചിന്തയായ് ..

ഒരു വന്മമതിൽ
വിദ്യാലയാങ്കണത്തിലും
വാദ്യാരിലും...

ചീട്ട് കളിക്കുന്ന
തെമ്മാടി പാമ്പുകൾ
വലിച്ചിഴക്കുന്ന പൊന്തക്കാട്..

ഓരോ ഇടവഴിയിലും ഇടതും
വലതും നോക്കാതിരിക്കാനവളുടെ
കണ്ണിൽ മുൾ വേലികൾ കെട്ടി.

ആരോ കൊടുത്ത മധുരം
വാങ്ങിക്കഴിച്ചതിന്
മധുരമില്ലാത്ത തല്ലിൽ
മധുരത്തിനും മതിൽ പണിതു.

കിണുങ്ങി കരഞ്ഞ
മൊബൈലിനു മതിൽ
തീർത്തത് നാളെ
ഒരു ചെറു ചിത്രശലഭമായ്
പറക്കാതിരിക്കാൻ..

കുട്ടുകാരൻ നൽകുന്ന പൂവ്
ചീഞ്ഞ വടഗന്ധമുണ്ടെന്നോതി
മതിലിൽ ഉരച്ചു കൊന്നു.

നടവഴികളിൽ ,
ബസ്റ്റോപ്പിൽ,
കൂട്ടുകാരിയുടെ വീട്ടിൽ,
വീട്ടിലേക്കുള്ള വിജനമായ
പാടവരമ്പത്ത്,
മകൾകൊപ്പം പണിത മതിലിന്റെ
കടം വീട്ടാൻ
ഞാനിന്നൊരു ഭ്രാന്തൻ
മതിൽകെട്ടിനുള്ളിലാണ്....!!!

Saturday, January 14, 2012

ഗ്രീഷ്മം ഈന്തപ്പനയോട് ചെയ്യുന്നത്

മരുഭൂമിയിൽ ചുടുകാറ്റിനൊപ്പം
ഈന്തപ്പനകൾ നൃത്തം ചെയ്യും
മദാലസയായ നർത്തകിയുടെ
അതിമോഹന ഗ്രീഷ്മ നൃത്തം

ചുടുകാറ്റിൽ ഈന്തപ്പനയുടെ
വിയർപ്പിന്റെ ഗന്ധം
കാത്തിരിക്കുന്ന സൂഫിമല

ആ നൃത്ത സമാപ്തിയിൽ
ഗ്രീഷ്മം ഈന്തപ്പനയോട്
ചെയ്യാനുള്ളത് ചെയ്ത് തീർക്കുമ്പോഴാണ്
ഞാനൊരു ഈന്തപഴത്തിൽ കണ്ണു വെക്കുന്നത്

Thursday, January 12, 2012

വിരഹത്തിന്റെ പ്രായഭേദങ്ങൾ...

ശൈശവം...

=========
പൊക്കിൾ കൊടി മുറിച്ചപ്പോൾ
കേട്ട വാവിട്ട കരച്ചിൽ..

കൌമാരം...
===========
നിനക്കു പകരമെറിഞ്ഞ
ചെമന്ന മാമ്പഴത്തിനു കൊണ്ട്
ഭൂമറാംഗ് തിരികെ വരുമ്പോൾ
“പറ്റിപ്പിടിച്ചത് കണ്ടു മറന്ന
നിന്റെ രക്തക്കറ തന്നെ”

യൌവനം
=========
യാത്രപോകുമ്പോൾ
പ്രണയത്തിന്റെ കൽക്കരി
ഹ്യദയത്തിലിട്ടു ചുട്ടെടുത്ത്
ചിന്തയിൽ കറുത്ത പുക-
പറത്തിയോടുന്ന “തീ”വണ്ടി...

വാർദ്ധക്യം..
==========
“ഊന്നു വടിക്കു പച്ചിലകളോടു
പറയാനൊരു തമാശ...”

മരണം
======
“ചന്ദനത്തടി എരിഞ്ഞടങ്ങിയിട്ടും
സുഗന്ധം പരത്തിയുയർന്നു-
പോയൊരു തെക്കന്‍ കാറ്റ്”